ഇസ്ലാമിന്റെ വൈരികള്‍, അതിന്റെയും, അന്ത്യപ്രവാചകരായ നബി (സ) തിരുമേനിയുടെയും പേരില്‍ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കു മതി ചെയ്യുക പതിവാണ്. അക്കൂട്ടത്തില്‍ ഒന്നത്രെ നബി(സ) യുടെ വിവാഹവും. മുസ്ലിംകള്‍ക്ക് കവിഞ്ഞ പക്ഷം നാലു ഭാര്യമാരെ സ്വീകരിക്കുവാനേ പാടുളളൂ. അതേ സമയത്തു നബി (സ) ചരമം പ്രാപിക്കുമ്പോള്‍ അവിടുത്തേക്ക് ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അപ്പോള്‍ നബി (സ) ഒരു പെണ്‍മോഹിയും കാമാസക്തനും ആയിരുന്നുവെന്നണ് ഇവരുടെ ആക്ഷേപത്തിന്റെയും അപവാദത്തിന്റെയും ആകത്തുക. പണ്ഡിതോചിതവും, വസ്തുനിഷ്ഠവുമായ എത്രയോ മറുപടികള്‍ പലരാലും ഇതിനു നല്‍കപെട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും ചെവിക്കൊള്ളുവാന്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ അവരെ അനുവദിക്കാറില്ല. പ്രവാചകന്‍മാരുടെ സ്ഥാനപദവികളും, സമുദായവും അവരും തമ്മിലുള്ള കെട്ടുപാടുകളും മറ്റും മനസ്സിലാക്കുകയും, വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കേ ആ മറുപടികള്‍ ഫലപ്രദമാവുകയുള്ളൂ. ഈ വിഷയകരമായി വന്നിട്ടുള്ള ക്വുര്‍ആന്റെ പ്രസ്താവനകള്‍ പരിശോധിക്കുകയും, നബി(സ)തിരുമേനിയുടെ ഓരോ വിവാഹവും നടന്ന പരിതസ്ഥിതികള്‍ ഗ്രഹിക്കുകയും ചെയ്യുന്ന പക്ഷം ആര്‍ക്കും ഇവിടെ യാതൊരു ആക്ഷേപത്തിനും, ആശയക്കുഴപ്പത്തിനും വഴിയില്ല. നബി (സ) തിരുമേനിയുടെ വിവാഹങ്ങളെക്കുറിച്ച് ഒരു ചുരുങ്ങിയ വിവരണം നല്‍കുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
ഖദീജഃ(റ) യുമായുള്ള വിവാഹമാണ് നബി(സ)യുടെ ഒന്നാമത്തെ വിവാഹം. അന്നുതിരുമേനിക്ക് 25 വയസ്സ് പ്രായമാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രവേശിക്കുവാന്‍ വളരേ ഉപയുക്തമായ പ്രായം തന്നെ. എന്നാല്‍, ഖദീജഃ(റ) യാകട്ടെ, മുമ്പ് രണ്ട് വിവാഹം കഴിക്കുകയും, 40 വയസ്സെത്തി വയോധികയായിത്തീരുകയും ചെയ്തിരുന്നു. അബ്ദുല്‍ മുത്ത്വലിബിന്റെ പൌത്രനായ മുഹമ്മദിന്റെ സവിശേഷ സ്വഭാവങ്ങളും, അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള സല്‍പ്രതീക്ഷകളും ആ മഹതിയെ ആകര്‍ഷിച്ചു. ക്വുറൈശികളില്‍ തനിക്കുള്ള കീര്‍ത്തിസ്ഥാനങ്ങളോ, തന്റെ ധനാധിക്യമോ, അല്ലങ്കില്‍ മുഹമ്മദിന്റെ അനാഥാവസ്ഥയോ, ദാരിദ്രമോ- ഒന്നും തന്നെ -ആ മഹതി പരിഗണിച്ചില്ല. ഖദീജ(റ)യുടെ അഭിലാഷമനുസരിച്ച് തിരുമേനിയുടെ പിത്യവ്യന്‍ അബൂത്വാലിബ് മുഖാന്തരം ആ വിവാഹം നടന്നു. 25കാരനായ യുവാവും, 40കാരിയായ വയോധികയും തമ്മിലുള്ള ആ വിവാഹബന്ധം 25 വര്‍ഷം നിലനിന്നു. ഇതിനിടയ്ക്കു എന്തങ്കിലും പൊരുത്തക്കേടോ, സ്വരച്ചേര്‍ച്ചയില്ലായ്മയോ അവര്‍ക്കിടയില്‍ ഉണ്ടായില്ല. നബി(സ) മറ്റൊരു വിവാഹാലോചന നടത്തുകയും ഉണ്ടായില്ല. വേണമെങ്കില്‍ അതിനു യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലതാനും. തിരുമേനിയുടെ ഏഴു മക്കളില്‍, ഇബ്രാഹീം എന്ന മകന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഈവിവാഹത്തില്‍ ജനിച്ചവരത്രെ. നബി(സ) യുടെ സന്താനപരമ്പര ശേഷിച്ചതും അവരില്‍ നിന്നു തന്നെ. നബി(സ) യുടെ സന്തോഷ സന്താപങ്ങളിലും, പ്രബോധന ക്യത്യങ്ങളിലുമെല്ലാം ഖദീജ(റ) വഹിച്ച പങ്ക് ചരിത്ര പ്രസിദ്ധമാണ്. ഇവര്‍ ചരമം പ്രാപിച്ച കൊല്ലത്തിനു ദുഃഖവര്‍ഷം എന്നുപോലും നബി(സ) പേരിട്ടു. തിരുമേനിയുടെ വിയോഗം വരെയും അവരെക്കുറിച്ചുള്ള പ്രശംസകളും അനുസ്മരണങ്ങളും തിരുമേനിയില്‍ പ്രകടമായിരുന്നു. ആഇശഃ(റ) പറയുകയാണ്: ‘എനിക്കു ഖദീജ(റ)യുടെ പേരില്‍ തോന്നിയ അത്ര വിഷമം നബി(സ) യുടെ മറ്റു ഭാര്യമാരുടെ നേരെയൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ ഖദീജഃ(റ) യെ കണ്ടിട്ടുപോലുമില്ല. പക്ഷേ, തിരുമേനി അവരക്കുറിച്ച് ധാരാളം പ്രസ്താവിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ ഒരു ആട്ടിനെ അറുത്താല്‍, അത് കഷ്ണിച്ച് ഖദീജഃയുടെ തോഴിമാര്‍ക്ക് അയച്ചുകൊടുക്കും. അങ്ങനെ ഞാന്‍ പറഞ്ഞേക്കും: ഇഹലോകത്തു ഖദീജഃയല്ലാതെ വേറെ പെണ്ണില്ലന്നു തോന്നുന്നു! അപ്പോള്‍ തിരുമേനി മറുപടി പറയും: അതെ, അവര്‍ അങ്ങിനെയായിരുന്നു ഇങ്ങിനെയായിരുന്നു, എനിക്ക് അവരില്‍ നിന്നാണ് സന്താനങ്ങളുണ്ടായത് എന്നൊക്കെ’ (ബു.മു). ഒന്നാമതായി ഇസ്ലാമില്‍ വിശ്വസിച്ചത് ഖദീജഃ(റ) യാണെന്നാണ് പല ചരിത്രകാരന്‍മാരുടെയും അഭിപ്രായം. ഇതെല്ലാം മുന്നില്‍ വെച്ചുകൊണ്ട് ആലോചിച്ചാല്‍, ഖദീജ(റ)യുടെ കാലശേഷം-50 വയസ്സ് പ്രായമെത്തിയ നബി(സ) -വേറെ വിവാഹം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉദ്ദേശ്യം, ദാമ്പത്യജീവിതം അനുഭവിക്കലായിരുന്നില്ല എന്നു കാണുവാന്‍ വലിയ ബുദ്ധി ശക്തിയൊന്നും ആവശ്യമില്ല. പക്ഷേ, തുറന്ന മനഃസ്ഥിതിയും, നിഷ്പക്ഷ വീക്ഷണഗതിയും ഇല്ലാത്തവര്‍ക്ക് അത് കാണാന്‍ കഴിഞ്ഞെന്നു വരികയില്ല. ഖദീജ(റ)യുടെ ശേഷം നടന്നിട്ടുള്ള വിവാഹങ്ങള്‍ക്കുള്ള കാരണങ്ങളെ സാമാന്യമായി നമുക്കൊന്നു പരിചയപ്പെടാം.
മറ്റു വിവാഹങ്ങള്‍ക്ക് പൊതുവിലുള്ള കാരണങ്ങള്‍
സൂ: അഹ്സാബിലെ 50, 51, 52 വചനങ്ങളിലെ ഉള്ളടക്കം മനസ്സിലാക്കുകയും അല്ലാഹുവിലും, നബിയിലും ക്വുര്‍ആനിലും വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും തന്നെ തിരുമേനി കൂടുതല്‍ ഭാര്യമാരെ സ്വീകരിച്ചതിനെക്കുറിച്ചു എന്തെങ്കിലും ആശയകുഴപ്പം തോന്നുവാനിടയില്ല. അല്ലാഹു നബി(സ) ക്ക് സ്പഷ്ടമായ ഭാഷയില്‍- അനുവദിച്ചു കൊടുത്തതല്ലാതെ അവിടുന്നു യാതൊന്നും ചെയ്തിട്ടില്ലന്നു തീര്‍ത്ത് പറയാം. അല്ലാഹു അനുവദിച്ച വിഷയത്തില്‍ ചോദ്യം ചെയ്യുവാന്‍ മറ്റാര്‍ക്കും യാതൊരധികാരവും, അവകാശവുമില്ല. അവന്റെ അനുവാദത്തില്‍ അടങ്ങിയ യുക്തി രഹസ്യങ്ങളെ- അവ മുഴുവനും മനസ്സിലാക്കുക നമുക്കു സാധ്യമല്ല. ആരായുക മാത്രമെ നാം ചെയ്യേണ്ടതുള്ളൂ. നബി (സ)ക്കു പ്രത്യേകമായി കൂടുതല്‍ ഭാര്യമാരെ അനുവദിച്ചതില്‍ അടങ്ങിയ ചില രഹസ്യങ്ങള്‍ താഴെ പറയുന്നവയാകുന്നു.
1) കേവലം ചില വിശ്വാസാചാരങ്ങള്‍ മാത്രം അടങ്ങിയ മതമല്ല ഇസ്ലാം. മനുഷ്യജീവിതത്തിന്റെ സകല വശങ്ങളെയും സ്പര്‍ശിക്കുന്ന അതിവിശാലവും, വിപുലവുമായ ഒരു നിയമ സംഹിതയത്രെ ഇസ്ലാം. അതിന്റെ പ്രായോഗിക മാത്യകയാകട്ടെ, നബി(സ) തിരുമേനിയുടെ ജീവിതചര്യയുമാകുന്നു. അവിടുത്തെ ദൌത്യമാണെങ്കില്‍, കാലദേശവ്യത്യാസം കൂടാതെ ലോകാവസാനം വരേക്കുള്ളതും. മനുഷ്യവര്‍ഗ്ഗത്തിന്റെ പകുതിഭാഗമോ, അതിലധികം തന്നയോവരുന്ന സ്ത്രീവിഭാഗത്തെ പ്രത്യേകം സ്പര്‍ശിക്കുന്ന നിയമനിര്‍ദ്ദേശങ്ങളും, നടപടിക്രമങ്ങളും ഇസ്ലാമിലുണ്ട്. വൈവാഹികം, ഗാര്‍ഹികം തുടങ്ങിയ ജീവിതവശങ്ങളിലും, കോടിക്കണക്കായ മുസ്ലിംകള്‍ മാത്യകയാക്കേണ്ടത് നബി(സ)തിരുമേനിയെയാണ്, സ്ത്രീകള്‍- അതെ, ഭാര്യമാര്‍- വഴിയല്ലാതെ അറിയുവാനും അറിയപ്പെടുവാനും സൗകര്യമില്ലാത്ത പലതും ഇതില്‍ ഉള്‍പ്പെടുമെന്ന് പറയേണ്ടതില്ല. ഇത്തരം വിഷയങ്ങളില്‍ മാത്രമല്ല, ശാഖാപരമായ ഇതര തുറകളിലുള്ള എത്രയോ മത നിയമങ്ങളും സമുദായത്തിന് നബി(സ)യുടെ ഭാര്യമാര്‍-വിശേഷിച്ചും ആയിശഃ(റ) മുഖാന്തിരം മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടന്നത് അനിഷേധ്യമത്രെ. മുശ്രിക്കുകളില്‍ പെട്ട ഒരാള്‍ പരിഹാസപൂര്‍വ്വം ഇങ്ങിനെ പറയുകയുണ്ടായി: നിങ്ങളുടെ ആള്‍- നബി(സ)-നിങ്ങള്‍ക്കു മലമൂത്ര വിസര്‍ജനം ചെയ്വാന്‍ പോലും പഠിപ്പിച്ചു തരുന്നതായി കാണുന്നുവല്ലാ!’ ഇതു കേട്ട് സല്‍മാന്‍(റ) അഭിമാനത്തോടെ പറഞ്ഞു: അതെ, (മലമൂത്രവേളയില്‍) ക്വിബിലക്കു തിരിഞ്ഞിരിക്കരുത്, വലത്തേ കൈകൊണ്ട് ശുദ്ധം ചെയ്യരുത്, (കല്ലുകൊണ്ട് ശുദ്ധം ചെയ്യുമ്പോള്‍) മൂന്നു കല്ലില്‍ കുറഞ്ഞു മതിയാക്കരുത്, അതില്‍ കാഷ്ടവും എല്ലും ഉണ്ടാകരുത് എന്നാക്കെ അദ്ദേഹം ഞങ്ങളോട് കല്‍പിച്ചിട്ടുണ്ട്. (ബു:മു.) ഇത്ര ചെറിയ സംഗതികളില്‍പോലും സമുദായത്തിന് നബി(സ)യില്‍ നിന്ന് മാതൃകയും, നിര്‍ദ്ദേശങ്ങളും ലഭിക്കേണ്ടതുണ്ട് എന്നു സാരം. ഇപ്പറഞ്ഞവ പുരുഷന്മാര്‍ മൂഖാന്തരം അന്യോന്യം അറിയാവുന്നതാണങ്കിലും, ഇതുപോലെയുള്ള മറ്റു ചില കാര്യങ്ങള്‍ സ്ത്രീകള്‍ മുഖാന്തരം അറിയേണ്ടിയിരിക്കുന്നു. ഋതുകാലങ്ങളില്‍ വീട്ടുകാര്യങ്ങളിലും ഭര്‍ത്താക്കളുടെ കാര്യത്തിലുമെല്ലാം സ്ത്രീകള്‍ പെരുമാറേണ്ടതെങ്ങനെ? ആദിയായ പലതും ഇതിനു ഉദാഹരണങ്ങളാണ്. അപ്പോള്‍, ഇങ്ങിനെയുള്ള മഹത്തായ പല ആവശ്യങ്ങളും നിറവേറുവാനെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നബി(സ)ഒന്നിലധികം വിവാഹം ചെയ്യേണ്ടതുണ്ടതുണ്ടന്നു ഊഹിക്കുവാന്‍ പ്രയാസമില്ല.
2) പ്രവാചകത്വം സിദ്ധിച്ചതിനുശേഷം, നബി(സ)മക്കായിലായിരുന്ന ആദ്യഘട്ടത്തില്‍, അവിടുത്തെ പ്രബോധനവിഷയം പ്രധാനമായും ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങളായിരുന്നു. അതിന്റെ പ്രചാരണത്തില്‍ സ്ത്രീ പുരുഷ ഭേദമന്യെ എല്ലാ മുസ്ലിംകളും അവരുടെ കഴിവു വിനിയോഗിച്ചിരുന്നു. പിന്നീട്– മദീനയില്‍ വന്നതുമുതല്‍ അവയ്ക്കു പുറമെ അനുഷ്ഠാന പരവും കര്‍മ്മപരവുമായ വിശദ നിയമനിര്‍ദ്ദേശങ്ങളും പ്രബോധന വിഷയങ്ങളായിത്തീര്‍ന്നു. മതകാര്യങ്ങള്‍ പഠിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും ഇന്നത്തെപ്പോലെയുള്ള സ്ഥാപനങ്ങള്‍ അന്നില്ലല്ലാ. അന്നുണ്ടായിരുന്ന ഏക മത വിദ്യാലയം മദീനാ പള്ളിയുടെ കോലായയായിരുന്നു. കേവലം ദരിദ്രരും, പാര്‍പ്പിടം പോലുമില്ലാത്തവരുമായിരുന്ന ചില പാവങ്ങള്‍ അതെ, മുസ്ലിം ലോകത്തിന്റെ ഉത്തമ നേതാക്കളും സത്യവിശ്വാസികളുടെ മാതൃകാപുരുഷന്‍മാരുമായ അബൂഹുറയ്റ(റ), അമ്മാര്‍(റ), ബിലാല്‍(റ) , സ്വഹൈബ്(റ), സല്‍മാന്‍(റ) മുതലായ മഹാന്മാര്‍ ആയിരുന്ന ആ ഏക ഉന്നത വിദ്യാലയത്തിലെ സാധാരണ അദ്ധ്യാപകന്‍മാര്‍. ഇതേ സമയത്തു മുസ്ലിം വനിതകള്‍ക്കായി നടത്തപ്പെട്ടിരുന്ന ചില സ്വകാര്യ വനിതാ വിദ്യാലയങ്ങളും മദീനായിലുണ്ടായിരുന്നുതാനും. മദീനാപള്ളിയുടെ പരിസരങ്ങളില്‍ അങ്ങിങ്ങായി കാണപ്പെട്ടിരുന്ന ചെറ്റക്കുടിലുകളായിരുന്നു അത്. അതെ, നബി(സ)തിരുമേനിയുടെ ഭാര്യമാരും, സത്യവിശ്വാസികളുടെ മാതാക്കളും വസിച്ചിരുന്നത് അവയിലായിരുന്നു. അവര്‍ ഓരോരുത്തരും അതതിലെ അദ്ധ്യാപികകളായിരുന്നു. ഇവരില്‍ ചിലരെല്ലാം നബി(സ)യുടെ നാമമാത്ര ഭാര്യയായിരിക്കുകയെന്ന ഭാഗ്യംകൊണ്ട് തൃപ്തിപ്പെട്ട് ഇസ്ലാം മതപഠനത്തിനും, അതിന്റെ പ്രചരണത്തിനും, സേവനത്തിനുമായി ജീവിതം ഉഴിഞ്ഞു വെച്ചവരായിരുന്നു. ഖലീഫാ അബൂബകര്‍ (റ), ഉമര്‍(റ) മുതലായ പല പ്രഗല്‍ഭ സ്വഹാബികളും തങ്ങള്‍ക്കു നേരിടുന്ന എത്രയോ സംശയങ്ങള്‍ക്കു നിവാരണം കണ്ടത്തുവാന്‍ തങ്ങളുടെ മാതാക്കളെ– അതെ, തിരുമേനിയുടെ ഭാര്യമാരെ– സമീപിക്കുകയായിരുന്നു ചെയ്തിരുന്നത്. ഹദീഥ് ഗ്രന്ഥങ്ങളും, ചരിത്രഗ്രന്ഥങ്ങളും കണ്ണു തുറന്നു പരിശോധിച്ചാല്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം.
3) ഇസ്ലാമിന്റെയും, മുസ്ലിംകളുടെയും നേരെ അറബിഗോത്രങ്ങള്‍ സ്വീകരിച്ചുവന്ന ശത്രുതയും, അക്രമ മര്‍ദ്ദനങ്ങളും, യുദ്ധസംരംഭങ്ങളും വിസ്മരിക്കേണ്ടതില്ല. ഈ അവസരത്തില്‍,പ്രധാന അറബിഗോത്രങ്ങളുമായി വൈവാഹികബന്ധം ഉണ്ടായിത്തീരുന്നതു പല നിലക്കും ഉപകരിക്കുമായിരുന്നു. ഇന്നത്തെപ്പോലെ വിശേഷിച്ചും നമ്മുടെ നാടുകളിലെപ്പോലെ കുടുംബ ബന്ധത്തിനും വൈവാഹിക ബന്ധത്തിനും വിലകല്‍പ്പിക്കപ്പെടാത്ത സമ്പ്രദായമല്ലായിരുന്നു അറബികളിലുണ്ടായിരുന്നത്. ഒരു ഗോത്രത്തിലെ ഒരു വീട്ടുകാര്‍ക്ക് വിവാഹബന്ധം ഉണ്ടായിക്കഴിഞ്ഞാല്‍ ആ ഗോത്രത്തിലെ ആയിരക്കണക്കിലോ, അതിലധികമോ വരുന്ന വീട്ടുകാരെല്ലാം തന്ന അവരുടെ ശാഖോപശാഖാവംശങ്ങള്‍ സഹിതം പരസ്പരം സ്നേഹത്തിലും, സഖ്യത്തിലും വര്‍ത്തിക്കുവാന്‍ അത് കാരണമാകുമായിരുന്നു. പല ഗോത്രങ്ങളില്‍ നിന്നായുള്ള തിരുമേനിയുടെ വിവാഹങ്ങള്‍ ചിലപ്പോള്‍ ശത്രുക്കളുടെ അരങ്ങേറ്റം തടയുവാനും, ശത്രുതക്കു ലാഘവം വരുത്തുവാനും വളരെ അധികം സഹായകമായിട്ടുണ്ട്. ഓരോന്നും ഉദാഹരണസഹിതം വിശദീകരിക്കുന്ന പക്ഷം ഇത് വളരെ ദീര്‍ഘിച്ചുപോകും. ഓരോ ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചു താഴെ പ്രത്യേകം പ്രസ്താവിക്കുന്നതില്‍ നിന്നു തന്നെ ഈ വസ്തുത ഏറെക്കുറെ വ്യക്തമാകുന്നതുമാകുന്നു.
4) ശത്രുകുടുംബങ്ങളുമായി സൌഹാര്‍ദ്ദബന്ധം സ്ഥാപിതമാകുന്നതില്‍ നബി(സ)യുടെ വിവാഹബന്ധങ്ങള്‍ക്കു വലിയ സ്ഥാനം ഉണ്ടായിരുന്നതുപോലെത്തന്ന, മുസ്ലിം കുടുംബങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും, ത്യാഗസന്നദ്ധരാക്കുകുയം ചെയ്യുന്നതിലും അതിനു പങ്കുണ്ടായിരുന്നു. സ്വന്തം വ്യക്തിയോടോ, സ്വന്തം കുടുംബത്തോടോ തിരുമേനിക്കു വിവാഹബന്ധം അല്ലങ്കില്‍ മറ്റെന്തെങ്കിലും അടുപ്പം– ഉണ്ടാവുകയെന്നതു സ്വഹാബികളെ സംബന്ധിച്ചിടത്തോളം എത്രമാത്രം സന്തോഷകരവും, അഭിമാനകരവുമായിരുന്നുവെന്നു പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. നേരെ മറിച്ച് അങ്ങിനെയുള്ള ഒരു ബന്ധം മുറിഞ്ഞു പോകുന്നതിനെപ്പറ്റി അവര്‍ക്ക് ഊഹിക്കുവാന്‍ പോലും വയ്യയായിരുന്നുതാനും. നബി(സ)യുടെ ഭാര്യമാര്‍ ഒന്നിച്ചു ചേര്‍ന്ന് തങ്ങള്‍ക്കു ചെലവിനു തരണമെന്നും മറ്റും ആവശ്യപ്പെട്ടതും, ഇതിനെത്തുടര്‍ന്ന് പല ക്വുര്‍ആന്‍ വചനങ്ങ ളും അവതരിച്ചതും മറ്റും സൂ: അഹ്സാബില്‍ കാണാം. ഈ സംഭവത്തില്‍ തിരുമേനി തന്റെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നുവെന്ന കിംവദന്തി പരന്നു. ഈ വിവരം അറിയിക്കുവാന്‍ ഒരാള്‍ രാത്രി ഉമര്‍(റ) ന്റെ വാതില്‍ക്കല്‍ വന്നു മുട്ടുകയുണ്ടായി. ഗസ്സാന്‍ ഗോത്രക്കാര്‍ മുസ്ലിംകളുമായി യുദ്ധത്തിനൊരുങ്ങിയിരിക്കുന്നുവെന്നാരു ഊഹം നടന്നു കൊണ്ടിരിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. ഉമര്‍ പെട്ടെന്ന് ചോദിച്ചത്: ‘എന്താ ഗസ്സാന്‍കാര്‍ വന്നാ?!’ എന്നായിരുന്നു. പ്രസ്തുത ആഗതന്‍ തിരുമേനിയുമായി കേവലം വിവാഹബന്ധമോ, കുടുംബബന്ധമോ ഇല്ലാത്ത അന്യനായ ഒരു അന്‍സാരിയായിരുന്നു. എന്നിട്ടും അദ്ദേഹം ഉമറിനോടു പറഞ്ഞ മറുപടി നോക്കുക: ‘അല്ല; അതിനെക്കാള്‍ വമ്പിച്ചതും, നീണ്ടതുമായ ഒരു സംഭവം നടന്നിരിക്കുന്നു! തിരുമേനി അവിടുത്തെ ഭാര്യമാരെ വിവാഹ മോചനം ചെയ്തിരിക്കുന്നു!!’ എന്നായിരുന്നു. ഈ മറുപടിയുടെ ആഴം ഒന്നു പരിശോധിച്ചു നോക്കുക! നബി(സ)യുടെ ഭാര്യാബന്ധം ലഭിക്കുന്നതിലുള്ള ആഗ്രഹം കൊണ്ടു മാത്രമാണ്– ഐഹികമായ മറ്റേതെങ്കിലും സുഖസൌകര്യങ്ങളെ മോഹിച്ചു കൊണ്ടല്ല– ചില സ്ത്രീകള്‍ തങ്ങളെ വിവാഹം ചെയ്യണമെന്നു തിരുമേനി യോട് കേണപേക്ഷിച്ചതും. സൂ: അഹ്സാബ്50ല്‍ പറഞ്ഞതുപോലെ, വിവാഹമൂല്യം (മഹ്ര്‍) കൂടാതെ അങ്ങനെയുള്ളവരെ വിവാഹം ചെയ്തു കൊള്ളുവാന്‍ നബി(സ)യെ അല്ലാഹു അനുവദിച്ചതും അതുകൊണ്ടാണ്. ‘നിങ്ങള്‍ക്കു അല്ലാഹുവിനെയും റസൂലിനെയുമാണോ വേണ്ടത്– അതല്ലാ ഐഹിക സുഖമാണോ വേണ്ടത്?’ എന്നു ചോദിക്കപ്പെട്ടപ്പോള്‍, ഒന്നാഴിയാതെ ഓരോ ഭാര്യയും ‘ഞങ്ങള്‍ക്ക് അല്ലാഹുവും റസൂലും മതി’ എന്ന് ദൃഢസ്വരത്തില്‍ ഉത്തരം നല്‍കിയതും, സൌദ(റ)യെ തിരുമേനി പിരിച്ചുവിടാനുദ്ദേശിച്ചപ്പോള്‍’എന്ന പിരിച്ചുവിടരുതേ, അങ്ങയുടെ ഭാര്യയെന്ന പേരുമാത്രം നിവിലുണ്ടായിക്കൊണ്ടു ജീവിച്ചാല്‍ മതി’ എന്നു സൌദഃ(റ) അപേക്ഷിച്ചതുമെല്ലാം ഇതേ കാരണം കൊണ്ടുതന്ന. ഇതുപോലെ, ഈ വിഷയകമായി പലതും ഉദ്ധരിക്കുവാനുണ്ട്. ചുരുക്കത്തില്‍, നബി(സ)കൂടുതല്‍ ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തിരഹസ്യങ്ങള്‍ കുലങ്കഷമായി പരിശോധിക്കുന്നപക്ഷം, അവിടുന്നു ഒമ്പതോ പത്തോ വിവാഹം ചെയ്തതിലല്ല ആശ്ചര്യം തോന്നുവാനവകാശം. നേരെ മറിച്ച് അതിലും കൂടുതല്‍ വിവാഹം ചെയ്യാ തിരുന്നതിലും, ഇനി പുതുതായി വിവാഹം ചെയ്യരുതെന്നു (സൂ: അഹ്സാബ് 50ല്‍) അല്ലാഹു നിര്‍ദ്ദേശിച്ചതിലുമാണ്– വേണമെങ്കില്‍ അല്‍ഭുതത്തിനവകാശമുള്ളത്. അല്ലാഹുവിലും, റസൂലിലും, ക്വുര്‍ആനിലും വിശ്വസിക്കുന്ന സത്യവിശ്വാസികളെക്കുറിച്ചു പറയുകയാണെങ്കില്‍, നബി(സ)നാലിലധികം ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തിരഹസ്യങ്ങള്‍ മനസ്സിലാക്കുക എന്നല്ലാതെ, അതിനെക്കുറിച്ച് അണുവോളം ആശയക്കുഴപ്പമോ, അതിന്റെ ന്യായത്തില്‍ സംശയമോ ഉത്ഭവിക്കുക എന്ന പ്രശ്നമേ ഇല്ല. അല്ലാഹുവിനാണ് എല്ലാ വിധിവിലക്കുകളുടെയും പരമാധികാരം; അല്ലാഹു ഒരു കാര്യം അനുവദിക്കുകയോ, വിരോധിക്കുകയോ ചെയ്താല്‍ – അതിലടങ്ങിയ തത്വങ്ങള്‍ ഗ്രഹിക്കുവാന്‍ ശ്രമിക്കുകയല്ലാതെ അതില്‍ വിമര്‍ശനമോ, ആശയക്കുഴപ്പമോ ഉണ്ടാക്കുവാന്‍ നബിക്കുപോലും പാടില്ല; സൂ: അഹ്സാബ് 50, 51, 52 എന്നീ ആയത്തുകളിലും മറ്റും അല്ലാഹു വ്യക്തമായ ഭാഷയില്‍ അറിയിച്ച പരിധിക്കുള്ളില്‍ ഒതുങ്ങിയല്ലാത്ത ഒരൊറ്റ വിവാഹവും നബി(സ)ചെയ്തിട്ടില്ല. നബിമാരെ, അന്ത്യപ്രവാചകനായ മുഹമ്മദു നബി (സ)തിരുമേനിയെ പ്രത്യേകിച്ചും മറ്റുള്ളവരെ അളക്കുന്ന മാനദണ്ഡം കൊണ്ട് അളക്കുവാന്‍ പാടില്ലാത്തതാണ് എന്നാക്കെ സത്യ വിശ്വാസികള്‍ക്കറിയാം. ഇതാണതിനു കാരണം. ഇനി, ഖദീജഃ(റ)ക്കുശേഷം നബി(സ)ചെയ്ത ഓരോ വിവാഹത്തെക്കുറിച്ചും നമുക്ക് ഒരു ലഘു വീക്ഷണം നടത്താം.
നബി (സ്വ) തിരുമേനിയുടെ വിവാഹങ്ങളും അവയുടെ സന്ദര്‍ഭങ്ങളും
1. സൗദ(റ)
മക്കാ മുശ്രിക്കുകളുടെ മര്‍ദ്ദനം സഹിക്കവയ്യാതെ അബിസീനിയായിലേക്കു ഹിജ്റ പോയ സ്വഹാബികളില്‍ ഒരാളായിരുന്നു സക്റാന്‍(റ). അദ്ദേഹം സ്വപത്നിയും, പിതൃവ്യപുത്രിയുമായ സൗദ(റ)യെയും ഒന്നിച്ചുകൊണ്ടുപോയിരുന്നു. ആ മഹാന്‍ അവിടെവെച്ചു നിര്യാതനായി. ഖദീജഃ(റ)യുടെ നിര്യാണം കഴിഞ്ഞതിന്റെ അടുത്ത കാലത്തായിരുന്നു അത്. അല്ലാഹു ഏകനാണെന്നും, മുഹമ്മദ് (സ) അവന്റെ ദൂതനാണെന്നും വിശ്വസിച്ച കാരണത്താല്‍ നാടും, വീടും, കുടുംബവും ത്യജിച്ചു സമുദ്രം കടന്നും ഭൂഖണ്ഡം താണ്ടി അപരിചിതമായ അബിസീനിയായില്‍ ചെന്നും മരണം പ്രാപിച്ച ആ സ്വഹാബിയുടെ ദുഃഖിതയായ പത്നിയെ സ്വകുടുംബത്തിന്റെ എതിര്‍പ്പും പ്രതിഷേധവും വകവെക്കാതെ തന്റെ മതസംരക്ഷണാര്‍ത്ഥം നാടുവിട്ട് വിധവയും, ഉറ്റവരില്ലാത്തവളുമായിത്തീര്‍ന്ന സൗദ(റ)യെ നബി(സ) വിവാഹം ചെയ്തു രക്ഷിച്ചു. പ്രസ്തുത രണ്ടുപേരോടുമുള്ള ധാര്‍മ്മികമായ കടമ നിര്‍വ്വഹിക്കുന്നിനുപുറമെ അല്ലാഹുവോടുള്ള ഒരു കടമ നിര്‍വ്വഹിക്കലും കൂടിയായിരുന്നു അത്. തിരുമേനി അങ്ങിനെ ചെയ്യാത്തപക്ഷം, ആ മഹതി തന്റെ കുടുംബത്തിന്റെ കഠിന പീഡനങ്ങള്‍ക്കുപാത്രമാകുമായിരുന്നു. മുമ്പ് നാം ചൂണ്ടിക്കാട്ടിയതുപോലെ, തന്റെ ദിവസങ്ങള്‍ ആഇശഃ(റ)ക്ക് വിട്ടുകൊടുത്തുകൊണ്ട് നബി(സ)യുടെ ഭാര്യാബന്ധം മരണംവരെ നിലനിര്‍ത്തിത്തന്നാല്‍ മതിയെന്നപേക്ഷിച്ചതു ആ മഹതിയായിരുന്നു. ഹിജ്റ 54ലാണ് ഇവരുടെ മരണം.
2. ആഇശ(റ):
ഹിജ്റയുടെ രണ്ടുമൂന്നു വര്‍ഷം മുമ്പാണ് ആഇശഃ(റ)യുടെ വിവാഹം. അവര്‍ക്ക് അന്ന് ഏറെക്കുറെ ആറു വയസ്സ് പ്രായമായിരുന്നു. ഹിജ്റക്കുശേഷം ഏതാണ്ട് രണ്ടു കൊല്ലത്തോളം കഴിഞ്ഞാണ് വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കേവലം ഒമ്പതുവയസ്സുകാരിയായ ആ ബാലികയെ കൂട്ടിഅയച്ചപ്പോള്‍ അവരുടെ കളിക്കോപ്പും ഒന്നിച്ചുണ്ടായിരുന്നു. തിരുമേനിയുടെ വീട്ടില്‍ ചെന്ന ശേഷവും താന്‍ പെണ്‍കുട്ടികളോടൊപ്പം കളിക്കാറുണ്ടായിരുന്നുവെന്ന് ആഇശഃ(റ) പ്രസ്താവിച്ചിട്ടുണ്ട്. (ബു.മു.) എല്ലാ ഭാര്യമാരിലും വെച്ച് തിരുമേനി ഏറ്റവും അധികം ഇഷ്ടപ്പട്ടിരുന്ന ഭാര്യ അവര്‍ തന്നയായിരുന്നു. കന്യകാപ്രായത്തില്‍ ആഇശഃ(റ) യെ അല്ലാതെ തിരുമേനി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. തിരുമേനിയുടെ വിയോഗവേളയില്‍ അവര്‍ക്ക് ഏകദേശം 18 വയസ്സുവരും. ഹിജ്റ 57ലോ 58ലോ ആയിരുന്നു ആഇശഃ(റ)യുടെ മരണം. സ്വഹാബികളില്‍വെച്ച് നബി(സ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതനായിരുന്നു ആഇശഃ(റ)യുടെ പിതാവായ അബൂബക്ര്‍ സ്വിദ്ദീക്വ്(റ). പുരുഷന്‍മാരില്‍ ഒന്നാമതായി തിരുമേനിയില്‍ വിശ്വസിച്ച മഹാനും അദ്ദേഹം തന്നെ. ഇസ്ലാമിനു മുമ്പും അദ്ദേഹം തിരുമേനിയുടെ ഒരു അടുത്ത ചങ്ങാതിയായിരുന്നു. ഈ വസ്തുത സ്വഹാബികള്‍ക്കിടയില്‍ പ്രസ്താവ്യവുമായിരുന്നു. അബൂബകര്‍ (റ)ന്റെ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള ധാരാളം ഹദീഥുകള്‍ കാണാം. ഒരിക്കല്‍ തിരുമേനി പറയുകയുണ്ടായി: ‘നമുക്കു ഇങ്ങോട്ടൊരു ഉപകാരം ചെയ്തിട്ട് അതിന് നാം പ്രത്യുപകാരം ചെയ്യാത്തതായി അബൂബക്റിന്റേതല്ലാതെ മറ്റാരുടെതും ബാക്കിയില്ല. അദ്ദേഹം ചെയ്ത ഉപകാരത്തിനു അല്ലാഹു തന്നെ ക്വിയാമത്തുനാളില്‍ പ്രത്യുപകാരം നല്‍കുന്നതാണ്. അബൂബക്റിന്റെ ധനം എനിക്കു ഉപകരിച്ചത്ര മറ്റാരുടേതും ഉപകരിച്ചിട്ടില്ല.’ (തി.) മറ്റൊരിക്കല്‍ തിരുമേനി പറഞ്ഞു: ‘സഹവാസത്തിലും, ധനത്തിലും മനുഷ്യരില്‍വെച്ച് ഏറ്റവും വിശ്വസനീയനായ ആള്‍ അബൂബക്റാണ്. (ബു: മു). ഇതുപോലെ വേറെയും ഹദീഥുകള്‍ കാണാം.
ഈ നിലക്ക് അബൂബകര്‍(റ) ന്റെ മകളായ ആഇശഃ(റ) യെ തിരുമേനി വിവാഹം കഴിച്ചതും, അവരെ കൂടുതല്‍ സ്നേഹിച്ചതും അദ്ദേഹത്തോടുള്ള സ്നേഹാധിക്യത്തിന്റെയും, നബി(സ) ക്കും ഇസ്ലാമിനും വേണ്ടി അദ്ദേഹം ചെയ്ത ത്യാഗത്തിന്റെയും, സേവനത്തിന്റെയും സ്വാഭാവികമായ ഒരു നന്ദിയത്രെ. അതിരിക്കട്ടെ, ഈ വിവാഹംമൂലം ഇസ്ലാമിനുണ്ടായ നേട്ടങ്ങളൊന്നു ആലോചിച്ചുനോക്കുക: ഇസ്ലാമിക വിജ്ഞാന ഭണ്ഡാരത്തില്‍ ആഇശഃ(റ)യുടെ മുതല്‍ക്കൂട്ട് സുപ്രസിദ്ധമാണ്. ക്വുര്‍ആന്‍ വ്യാഖ്യനാരംഗത്തും, നബിവചനങ്ങളും ചര്യകളും ഉദ്ധരിക്കുന്നതിലും മറ്റെല്ലാ സ്ത്രീകളെക്കാളും മിക്കവാറും പുരുഷന്മാരെക്കാളും വമ്പിച്ച പങ്കാണ് അവര്‍ക്കുള്ളത്. ഗാര്‍ഹിക ജീവിതത്തിന്റെയും, ദാമ്പത്യജീവിതത്തിന്റെയും നാനാവശങ്ങളിലും ആഇശഃ(റ) വഴി സിദ്ധിച്ച അറിവുകള്‍ കുറച്ചൊന്നുമല്ല. സാഹിത്യം, പദ്യം, ചരിത്രം, വൈദ്യം, രാഷ്ടീയം തുടങ്ങിയ തുറകളിലും അവരുടെ പേരും പ്രശസ്തിയും പ്രസിദ്ധമാണ്. ഇസ്ലാമിക ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാവുന്നതാണിത്. മഹാനായ അബൂമൂസല്‍ അശ്അരി(റ) പറയുകയാണ്: ‘റസൂല്‍ തിരുമേനിയുടെ സ്വഹാബികളായ ഞങ്ങള്‍ക്കു വല്ല വിഷയത്തിലും സംശയം നേരിടുമ്പോള്‍ അതിനെപ്പറ്റി ആഇശഃ(റ)യോടു ചോദിച്ചിട്ടു ഒരു സംഗതിയിലും ശരിക്ക് അറിവു കിട്ടാതിരുന്നിട്ടില്ല’ (തി.) ഇത്രയും പറഞ്ഞതില്‍ നിന്നുതന്ന ആഇശഃ(റ)യുടെ വിവാഹത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള യുക്തിരഹസ്യങ്ങള്‍ നിഷ്പക്ഷചിന്തകര്‍ക്കു ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്. ‘ഇതെല്ലാം പിന്നീട് സംഭവിച്ച് ഫലത്തില്‍ വന്നതു ശരി, വിവാഹവേളയില്‍ ഇതൊന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നുവല്ലാ, അന്ന് ആഇശഃ(റ) ഒരു കുട്ടി മാത്രമായിരുന്നുവല്ലാ’ എന്നു വല്ലവര്‍ക്കും തോന്നിയേക്കാം. വാസ്തവത്തില്‍, തികച്ചും ഈ ഉന്നത്തോടുകൂടിയും, പ്രതീക്ഷയോടുകൂടിയും തന്നയായിരുന്നു ഈ വിവാഹം. തിരുമേനിയുടെ ഇതരവിവാഹങ്ങളില്‍ നിന്നു പലതരത്തിലും ഒറ്റപ്പെട്ട ഉദാഹരണം തന്നയാണ് ആഇശ(റ)യുടെവിവാഹം. ഇതിനു തെളിവുകള്‍ പലതും ഉദ്ധരിക്കുവാന്‍ സാധിക്കും. ദീര്‍ഘിച്ചുപോകുമെന്നു കരുതി ഇമാം ബുഖാരി(رحمه الله )യും മുസ്ലിമും ( رحمه الله ) ഉദ്ധരിക്കുന്ന ഒരു ഹദീഥ് മാത്രം ഉദ്ധരിക്കാം. ആഇശ(റ)യോടു നബി (സ) ഇപ്രകാരം പറഞ്ഞതായി അവര്‍ ഉദ്ധരിക്കുന്നു: ‘മൂന്നു രാത്രികളില്‍ എനിക്കു നിന്ന സ്വപ്നത്തില്‍ കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു പട്ടിന്റെ കഷ്ണത്തില്‍ മലക്ക് നിന്ന (നിന്റെ ചിത്രം) കൊണ്ടുവന്നു. എന്നിട്ട് ഇത് താങ്കളുടെ ഭാര്യയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ തുറന്നുനോക്കിയപ്പാള്‍ അത് (ആ ചിത്രം) നീ തന്നയായിരുന്നു. ഞാന്‍ പറഞ്ഞു: അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കില്‍ അവനതു നടപ്പില്‍ വരുത്തിക്കൊള്ളും’. (ബു.മു.) നബിമാരുടെ സ്വപ്നം ദിവ്യ സന്ദേശങ്ങളില്‍പെട്ടതാണെന്നുള്ള കാര്യം പ്രസിദ്ധമാണല്ലാ.
3. ഹഫ്സ്വഃ (റ):
അബൂബകര്‍(റ)നെ കഴിച്ചാല്‍ നബി(സ)ക്ക് പലനിലക്കും ബന്ധപ്പെട്ട ആള്‍ ഉമര്‍(റ) തന്നെ യായിരുന്നു. അദ്ദേഹത്തിന്റെ മകളായ ഹഫ്സ്വഃ(റ)യുടെ ആദ്യ ഭര്‍ത്താവ് ഖുനൈസ് ആയിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ പറ്റിയ പരിക്കുമൂലം ഖുനൈസ്(റ) നിര്യാതനായി. ഈ അവസരത്തിലായിരുന്നു തിരുമേനിയുടെ പുത്രിയും, ഉഥ്മാന്‍(റ)ന്റെ പത്നിയുമായിരുന്ന റുക്വിയ്യ(റ)യുടെയും മരണം സംഭവിച്ചത്. വിധവയായ മകളുടെ കാര്യത്തില്‍ അത്യധികം ദുഃഖിതനായിരുന്ന ഉമര്‍(റ) തന്റെ മകളുടെ വിവാഹം ചെയ്താല്‍ കൊള്ളാമെന്നു ഉഥ്മാന്‍ (റ) നോട് ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം അതിനു മുമ്പോട്ടുവന്നില്ല. ഉമര്‍(റ) വ്യസനസമേതം അബൂബകര്‍(റ) നെ സമീപിച്ചു വിവരം പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചേക്കുമെന്നു അദ്ദേഹത്തിന് ആശയുണ്ടായിരുന്നു. എന്നാല്‍, അബൂബകര്‍(റ) പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘ഉഥ്മാനു ഹഫ്സഃയെക്കാള്‍ നല്ലാരു ഭാര്യയും ഹഫ്സഃക്കു ഉഥ്മാനെക്കാള്‍ നല്ലാരു ഭര്‍ത്താവും കിട്ടിയെന്നു വരാം.’ ഈ ദീര്‍ഘദൃഷ്ടി സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഉഥ്മാന്‍(റ)ന് തിരുമേനിയുടെ മകള്‍ ഉമ്മുകുല്‍ഥൂമി(റ)നെ തിരുമേനി വിവാഹം ചെയ്തുകൊടുത്തു. ഹഫ്സ്വഃ(റ) യെ തിരുമേനിയും വിവാഹം കഴിച്ചു. ഇതു മൂലം ഉമര്‍(റ)ന്റെ വ്യസനത്തിനു പ്രതീക്ഷയില്‍ കവിഞ്ഞ പരിഹാരം സിദ്ധിച്ചു. ഇസ്ലാമിനുവേണ്ടി ആത്മാര്‍പ്പണം ചെയ്ത ഖുനൈസ്(റ)നോടുള്ള കടപ്പാട് നിര്‍വ്വഹിക്കപ്പെടുകയും, ഹഫ്സ്വഃ(റ) വൈധവ്യത്തില്‍ നിന്നു മോചിപ്പിക്കപ്പെടുകയും ഉണ്ടായി. നമസ്കാരം, നോമ്പ് മുതലായ ആരാധനാകൃത്യങ്ങളില്‍ മുഴുകിയിരുന്ന ഒരു മഹതിയായിരുന്നു ഹഫ്സ്വഃ(റ). തിരുമേനി ഒരിക്കല്‍ അവരെ വിവാഹമോചനം ചെയ്യുകയുണ്ടായെങ്കിലും, വീണ്ടും മടക്കി എടുക്കുകയാണ് ചെയ്തത്. ഇവരുടെ വിയോഗം ഹിജ്റ 45ലായിരുന്നു.
4. ഹിന്‍ദ് എന്ന ഉമ്മുസലമ(റ):
ഹിജ്റ മൂന്നാമത്തെയോ നാലാമത്തയോ കൊല്ലത്തിലാണ് ഇവരുടെ വിവാഹം. ക്വുറൈശി ഗോത്രത്തില്‍ മഖ്സൂമി ശാഖക്കാരനായിരുന്ന അബൂസലമഃ(റ)യുടെ ഭാര്യയായിരുന്നു ഉമ്മുസലമ(റ). അദ്ദേഹം നബി(സ) തിരുമേനിയുടെ നേരെ അമ്മായിയുടെ പുത്രനും, മുലകുടി ബന്ധത്തിലുള്ള സഹോദരനും, മരണംവരെ തിരുമേനിയൊന്നിച്ച് എല്ലാ പ്രധാന രംഗങ്ങളിലും പങ്കെടുത്ത മഹാനുമായിരുന്നു. നാലു അനാഥകളെയും, വിധവയായ ഉമ്മുസലമ(റ)യെയും വിട്ടേച്ചുകൊണ്ട് അദ്ദേഹം ചരമമടഞ്ഞു. തിരുമേനി ആ കുടുംബത്തെ രക്ഷിക്കുവാന്‍ ഉദ്ദേശിച്ചു. ആ മഹതി പറഞ്ഞു: ‘ഞാനൊരു വൃദ്ധ! കുറേ അനാഥകളുടെ മാതാവും!! അതോടുകൂടി ഞാനൊരു പരുഷസ്വഭാവക്കാരിയും!! തിരുമേനി മറുപടി പറഞ്ഞയച്ചു; ‘അനാഥകളെ ഞാനിങ്ങോട്ട് കൂട്ടിക്കൊണ്ടുപോന്നുകൊള്ളാം. നിന്റെ പരുഷസ്വഭാവം നീക്കിക്കളയുവാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യാം’. (വാര്‍ദ്ധക്യത്തപ്പറ്റി ഒന്നും പ്രസ്താവിച്ചതുമില്ല.) ഈ വിവാഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാണല്ലാ. ഉമ്മുസലമ(റ)യുടെ മരണം ഹിജ്റ 59ലാണ്. മരിക്കുമ്പോള്‍ അവര്‍ വളരെ വയസ്സുചെന്ന ഒരു വൃദ്ധയായിരുന്നു.
5. സൈനബ്(റ)
ഹിജ്റ 5ാം കൊല്ലത്തില്‍ നടന്ന സൈനബി(റ)ന്റെ വിവാഹത്തെയും, അതിന്റെ സന്ദര്‍ഭത്തെയും, അതിലടങ്ങിയ ഉദ്ദേശ്യങ്ങളെയും കുറിച്ചു സൂ: അഹ്സാബില്‍ അല്ലാഹു തന്നെ വിവരിച്ചതാണ്. ക്വുറൈശീഗോത്രക്കാരിയും, തിരുമേനിയുടെ അമ്മായിയുടെ മകളുമായിരുന്ന സൈനബി(റ)നെ ആദ്യം തിരുമേനിയുടെ പോറ്റുമകനും, അടിമത്തത്തില്‍ നിന്നു തിരുമേനി മോചിപ്പിച്ച ആളുമായ സൈദ്(റ) വിവാഹം ചെയ്തു. വിവാഹാലോചന നടന്നപ്പോള്‍ തന്ന സൈനബും കുടുംബവും ആ വിവാഹത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, അല്ലാഹുവും, റസൂലും ഒരു പ്രത്യേക ലക്ഷ്യം നിമിത്തം തീര്‍ച്ചപ്പെടുത്തിയ കാര്യമെന്ന നിലക്ക് അവരത് സമ്മതിക്കുകയും ചെയ്തു. കുലമഹത്വത്തിനും, ജാത്യാഭിമാനത്തിനും ഇസ്ലാമില്‍ വിലയില്ലന്നു റസൂല്‍(സ) തിരുമേനിയുടെ സ്വന്തക്കാര്‍ മുഖേനത്തന്ന തെളിയിക്കുകയെന്ന രഹസ്യം ആവിവാഹത്തിലടങ്ങിയിരുന്നു. പിന്നീട് സൈദും(റ) സൈനബു(റ)മായി സ്വഭാവത്തില്‍ പൊരുത്തപ്പെടാതെ വന്നപ്പാള്‍ സൈദ്(റ) അവരെ വിവാഹമോചനം ചെയ്തു. പോറ്റുമക്കളെ എല്ലാ നിലക്കും യഥാര്‍ത്ഥ മക്കളെപ്പോലെ ഗണിച്ചുവന്നിരുന്ന ജാഹിലിയ്യാ പാരമ്പര്യസമ്പ്രദായം ക്വുര്‍ആന്‍ നിര്‍ത്തല്‍ ചെയ്തതോടെ, അതിനു പ്രവര്‍ത്തനരൂപേണ മാതൃക കാട്ടുവാനായി– അല്ലാഹുവിന്റെ കല്‍പനപ്രകാരം തിരുമേനി സൈനബി(റ)നെ വിവാഹം കഴിച്ചു. ഇതാണ് സംഭവത്തിന്റെ ചുരുക്കം. ‘സൈനബിനെക്കാള്‍ മതകാര്യത്തില്‍ നല്ലവളും, അല്ലാഹുവിനെ ഭയപ്പെടുന്നവളും, വര്‍ത്തമാനത്തില്‍ സത്യം പാലിക്കുന്നവളും, കുടുംബബന്ധം പാലിക്കുന്നവളും, വലിയ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവളും, അല്ലാഹുവിനെ ഉദ്ദേശിച്ചുള്ള പുണ്യകര്‍മ്മങ്ങളിലും ദാനധര്‍മ്മങ്ങളിലും ശരീരം മുഷിഞ്ഞിറങ്ങുന്നവളും സ്ത്രീകളില്‍ വേറെ ഉണ്ടായിരുന്നില്ല’ എന്നു ആഇശഃ(റ) അവരെപ്പറ്റി പ്രശംസിച്ചു പറഞ്ഞതായിക്കാണാം. ഹിജ്റ 20ലോ 21ലോ ആയിരുന്നു അവരുടെ മരണം. നബി(സ)യുടെ പത്നിമാരില്‍ ആദ്യം മരണപ്പെട്ടത് സൈനബ്(റ)ആണ്.
6. ജുവൈരിയ(റ):
ഹിജ്റ 5ാം കൊല്ലത്തില്‍ തന്നയാണ് നബി(സ) ജുവൈരിയഃ(റ)യെ വിവാഹം കഴിച്ചത്. ബനൂമുസ്ത്വലക് ഗോത്രത്തിലെ നേതാവും, പ്രമാണിയുമായിരുന്ന ഹാരിഥിന്റെ ഭാര്യയായിരുന്നു ഇവര്‍. വമ്പിച്ച ഒരു സേനയുമായി ഇയാള്‍ നബി(സ)യുടെ നേരെ പടയെടുത്തു. മുറൈസിഅ് എന്നിടത്തുവെച്ച് മുസ്ലിംകള്‍ അതിനെ നേരിട്ടു. തിരുമേനി അവരെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അവര്‍ ക്ഷണം നിരസിച്ചു. യുദ്ധം നടത്തി. യുദ്ധത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തില്‍ ബന്ധനസ്ഥരായവരുടെ കൂട്ടത്തില്‍ ജുവൈരിയഃ(റ)യും ഉള്‍പ്പട്ടിരുന്നു. ഥാബിത്തിബ്നുഖൈസിന്റെ ഓഹരിയിലാണ് ഇവര്‍ അകപ്പെട്ടത്. ഏഴു ‘ഊക്വിയഃ’ സ്വര്‍ണ്ണം പ്രതിഫലം നിശ്ചയിച്ചുകൊണ്ടു ഥാബിത്ത് അവരെ മോചിപ്പിച്ചു വിടാന്‍ തീരുമാനിച്ചു. എന്നാല്‍, പ്രസ്തുത മോചനമൂല്യം കൊടുക്കുന്നതില്‍ തന്നെ സഹായിക്കണമെന്നപേക്ഷിക്കുവാന്‍ ജുവൈരിയഃ(റ) കണ്ടുപിടിച്ചത് തിരുമേനിയെയായിരുന്നു. അവര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തന്റെ കുലമാഹാത്മ്യവും മറ്റും ഉണര്‍ത്തിക്കൊണ്ടു സഹായമഭ്യര്‍ത്ഥിച്ചു. അതെല്ലാം കണക്കിലെടുത്തുകൊണ്ട് അവരുടെ അപേക്ഷതിരുമേനി സ്വീകരിക്കുകയും, സംഖ്യ നികത്തിക്കൊടുക്കുകയും ചെയ്തു. അവരുടെയും, അവരുടെ കുടുംബത്തിന്റെയും മാന്യതയും, യശസ്സും പൂര്‍വ്വാധികം ശോഭിക്കുമാറ് തിരുമേനി പിന്നീട് അവരെ വിവാഹം ചെയ്കയും ചെയ്തു. ഉടനെത്തന്ന അതിന്റെ ഫലം സംഭവിച്ചത് നോക്കുക! ഈ വിവാഹത്തോടുകൂടി തിരുമേനിയുടെ ബന്ധുക്കളായിത്തീര്‍ന്ന മുസ്ത്വലക്വ് ഗോത്രക്കാരില്‍ നിന്ന് യുദ്ധത്തില്‍ ബന്ധനത്തിലാക്കപ്പെടുകയും, പടയാളികള്‍ക്കിടയില്‍ വിഹിതം ചെയ്യപ്പെടുകയും ചെയ്തിരുന്ന എല്ലാവരെയും ഒന്നാഴിയാതെ– സ്വതന്ത്രരാക്കി വിട്ടുകൊടുത്തു. തിരുമേനിയുടെ വിവാഹബന്ധമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ അധീനത്തില്‍ വെക്കുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. മാത്രമോ? മുസ്ത്വലക്വ് ഗോത്രം സന്തോഷാധിക്യത്താല്‍ അല്ലാഹുവിന് നന്ദിയായി ഒന്നടങ്കം ഇസ്ലാമിനെ അംഗീകരിക്കുകയും ചെയ്തു.
7. റംലഃ എന്ന ഉമ്മുഹബീബ(റ):
ക്വുറൈശി അറബികളില്‍ അബൂസുഫ്‌യാന്‍(റ) നുണ്ടായിരുന്ന സ്ഥാനമാനങ്ങളും മക്കാവിജയത്തില്‍ അദ്ദേഹം മുസ്ലിമായിത്തീരുന്നതുവരെ നബി(സ) ക്കും, മുസ്ലിംകള്‍ക്കും എതിരിലുണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ അദ്ദേഹം വഹിച്ച പങ്കുകളും ചരിത്രപ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ മകളായ ഉമ്മുഹബീബഃ(റ) നേരത്തെ ഇസ്ലാമിനെ അംഗീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആദ്യഭര്‍ത്താവായിരുന്ന ഉബൈദുല്ലാഹിബ്നുല്‍ ജഹ്ശി എന്ന ആളുടെ ഒന്നിച്ച് അവരും അബിസീനിയായിലേക്കുള്ള രണ്ടാമത്തെ ഹിജ്റയില്‍ പങ്കെടുത്തിരുന്നു. ഉബൈദുല്ല അബിസീനിയയില്‍ ചെന്നശേഷം ക്രിസ്തീയമതം സ്വീകരിക്കുകയാണുണ്ടായത്. റംലഃ(റ)യാകട്ടെ, തന്റെ അശരണതയും, വിഷമങ്ങളും അവഗണിച്ചുകൊണ്ട് ഇസ്ലാമില്‍ തന്നെ ഉറച്ചുനിന്നു. ഹബീബഃ എന്നു പേരായ ഒരു കുട്ടിയും അവര്‍ക്കുണ്ടായിരുന്നു. കുട്ടിയുടെ പേരോട് ചേര്‍ത്താണ് അവര്‍ ഉമ്മു ഹബീബഃ (ഹബീബഃയുടെ ഉമ്മ) എന്നു വിളിക്കപ്പെടുന്നത്. ഇസ്ലാമിന്റെ ശത്രുക്കളുടെ അങ്ങേഅറ്റത്തെ നേതൃത്വം കയ്യാളുന്ന മാതാപിതാക്കളെയും, കുടുംബത്തെയുമെല്ലാം ഉപേക്ഷിച്ച്– തൌഹീദിന്റെ വിശ്വാസം നിലനിര്‍ത്തുവാനായി– തന്റെ ഏകാവലംബമായ ഭര്‍ത്താവൊന്നിച്ച് കടല്‍ താണ്ടി വിദൂരപ്രദേശത്തേക്ക് കടന്നുപോയിക്കഴിഞ്ഞ ശേഷം, ഭര്‍ത്താവ് തന്റെ കഠിനശത്രുവായി മാറിക്കഴിഞ്ഞാല്‍ പിന്ന, അബലയായ ആ സ്ത്രീരത്നത്തിന്റെ കഥയെന്തായിരിക്കും?! കയ്യിലൊരു കുഞ്ഞും! ആ നാട്ടിലെ നിവാസികളാകട്ടെ, ക്രിസ്ത്യാനികളും! അബിസീനിയാ ചക്രവര്‍ത്തിയായ നജ്ജാശി(നെഗാശി)യെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി നബി(സ) ദൂതനെ അയച്ചിരുന്നു. നജ്ജാശി മുസ്ലിമാകുകയും ചെയ്തു. അദ്ദേഹം തിരുമേനിക്കുവേണ്ടി ഉമ്മുഹബീബക്കു 400 ദീനാര്‍ (പൊന്‍പണം) മഹ്ര്‍ നല്‍കിക്കൊണ്ടും– ഉഥ്മാന്‍(റ)ന്റെ സാന്നിദ്ധ്യത്തിലും നബി(സ)ക്കുവേണ്ടി അവരുടെ വിവാഹകര്‍മ്മം നടത്തപ്പെട്ടു. (ആ ഹിജ്റയില്‍ ഉഥ്മാനും(റ) പങ്കെടുത്തിരുന്നു.) തിരുമേനിയുടെ ആവശ്യപ്രകാരം ശുറഹ്ബിലുബ്നുഹസനഃ(റ)യുടെ കൂടെ ഉമ്മുഹബീബഃ(റ) തിരുമേനിയുടെ അടുക്കലേക്ക് മടങ്ങുകയും ചെയ്തു. മിക്കവാറും ഹിജ്റ 6ാം കൊല്ലത്തിലാണ് ഈ സംഭവം. ഹിജ്റ വര്‍ഷം 44ല്‍ അവര്‍ ഇഹലോകവാസം വെടിഞ്ഞു.
8. സ്വഫിയ്യ(റ):
ഹിജ്റ 7ാം കൊല്ലത്തില്‍ നബി(സ) സ്വഫിയ്യഃ(റ)യെ വിവാഹം ചെയ്തു. ഇസ്രാഈല്യരായ യഹൂദികളുടെ ഒരു നേതാവും, നളീര്‍ ഗോത്രത്തിന്റെ തലവനുമായിരുന്നു സ്വഫിയ്യഃ(റ)യുടെ പിതാവായ ഹുയയ്യ്. അഹ്സാബുയുദ്ധത്തിലും മറ്റും ഇസ്ലാമിനെതിരായ രംഗങ്ങളില്‍ ഹുയയ്യിന്റെ പങ്ക് പ്രസ്താവ്യമത്രെ. സ്വഫിയ്യഃ(റ)യുടെ മുന്‍ ഭര്‍ത്താവായിരുന്ന കിനാനഃ ഖൈബര്‍ യുദ്ധത്തില്‍ കൊല്ലപ്പടുകയും, സ്വഫിയ്യഃ (റ) തടവുകാരിയായി പിടിക്കപ്പെടുകയും ചെയ്തു. ഒരു വമ്പിച്ച ഗോത്രത്തിന്റെ തലവനും, ഒരു സമുദായത്തിലെ നേതാവുമായ ഒരാളുടെ വിധവയായിത്തീര്‍ന്ന മകള്‍ക്ക് അടിമത്ത ജീവിതം എത്രമാത്രം വേദനാജനകമായിരിക്കുമെന്ന് പറയേണ്ടതില്ല. തിരുമേനി അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും, പ്രസ്തുത മോചനം അവരുടെ മഹ്റായി നിശ്ചയിച്ചുകൊണ്ട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. യുദ്ധത്തില്‍ ബന്ധനസ്ഥരായവരെ ഓഹരി ചെയ്ത കൂട്ടത്തില്‍, സ്വഫിയ്യഃ(റ) ദിഹ്യത്തുല്‍ കല്‍ബി(റ) എന്ന സ്വഹാബിയുടെ ഓഹരിയില്‍പെട്ടിരുന്നുവെന്നും, തിരുമേനി അവരെ ദഹ്യത്തിന്റെ പക്കല്‍നിന്നു വിലകൊടുത്തു മേടിച്ചാണ് ‘ഇത്ക്വ്’ (അടിമത്തമോചനം) നല്‍കി വിവാഹം ചെയ്തതെന്നും പറയപ്പട്ടിട്ടുണ്ട്. ഏതായാലും ഈ വിവാഹം നദ്വീര്‍ഗോത്രം ഇസ്ലാമിനെ അംഗീകരിക്കുവാന്‍ കാരണമായിത്തീര്‍ന്നു.
9. മൈമൂനഃ(റ):
നബി(സ)യുടെ അവസാനത്തെ ഭാര്യയായ മൈമൂനഃ(റ)യുടെ വിവാഹം ഹി: ഏഴാം കൊല്ലത്തില്‍ നടന്നു. അവര്‍ക്ക് അന്ന് 50ഓളം വയസ്സുവരും. ഇവരുടെ സഹോദരിയായ ലുബാബഃ(റ)യാണ് ‘അല്ലാഹുവിന്റെ വാള്‍’ എന്ന കീര്‍ത്തിമുദ്ര ലഭിച്ച ഖാലിദുബ്നുല്‍ വലീദ്(റ)ന്റെ മാതാവ്. ഇദ്ദേഹത്തിന്റെ വിശ്വാത്തിനു ഈ വിവാഹം കാരണമായിട്ടുണ്ട്. ആദ്യം ഒരാള്‍ അവരെ വിവാഹം ചെയ്തു. അയാള്‍ മരിക്കുകയും ചെയ്തു. ഈ വിവാഹം മൂലം മൈമൂനഃ(റ)യുടെ കുടുംബങ്ങള്‍ക്ക് വളരെയധികം ഗുണം കൈവന്നിട്ടുണ്ട്. അവരുടെ അതിദയനീയമായ ദാരിദ്യ്രവും, പട്ടിണിയും അവസാനിക്കുവാനും, മുസ്ലിംകളെക്കുറിച്ചുണ്ടായിരുന്ന അവരുടെ അപാരമായ ഭീതി നീങ്ങുവാനും ഇത് കാരണമായി.
No comments:
Post a Comment